Sunday, 25 December 2011

ഇന്നലെകള്‍ ഇങ്ങനെയായിരുന്നു:

പിളര്‍ന്നൊരു കരളും
പൊരിവെയിലിന്റെ വിശപ്പും
ഇടകലര്‍ന്ന പൂര്‍വാശ്രമം.
പൂവിന്റെ രക്ത വര്‍ണ്ണങ്ങളില്‍
പിറവിയുടെ പുണ്യങ്ങളെ
പിഴുതെടുത്ത നാളുകളില്‍
വേദന കടലിന്റെ ഇരമ്പലായി
കാടിന്റെ കറുത്ത മുഖമായി
ജന്മമെടുത്തു.

കുരുതി കൊടുത്ത പ്രണയത്തിന്റെ
ഓര്‍മയ്ക്കായി കോറിയിട്ട വരികള്‍
വിലപേശി വിറ്റവന്‍.
ഓടി ഒളിക്കാന്‍ തീപ്പന്തങ്ങള്‍ നിറച്ചു
മദ്യശാലയില്‍ പാട്ട് പാടിയവന്‍.
ഓര്‍ത്തു മറക്കുവാന്‍ കുമ്പസാര കൂടിനു
ആണിയടിച്ചവന്‍.
വൃത്തികേടിന്റെ മാറാല ചുമന്നവളുടെ
വെറുപ്പിന്റെ ചുവന്ന ചുണ്ടുകള്‍
കടിച്ചു മുറിപ്പെടുത്തിയവന്‍.
പാപിയാണവന്‍
പാപിനിയുടെ ഗര്‍ഭപാത്രത്തില്‍ പിറന്നവന്‍.
നോക്കുകുത്തികളുടെ ലോകത്ത്
നോവിന്റെ ഉള്‍വിളികള്‍ നേര്‍പ്പിച്ച്
വിഷക്കുപ്പിയുടെ നുര പൊന്തലില്‍
ജനിപ്പിച്ചവളെ എന്നെന്നേക്കുമായി
നഷ്ടപ്പെടുത്തിയവന്‍.

കാറ്റും കടലും കാട്ടാറും
കൊടിമരങ്ങളും കടന്നിതാ
ജീവിതത്തിന്റെ തണുത്ത
ജീര്‍ണത പുതയ്ക്കുവാന്‍
കിതപ്പാറ്റി നില്‍ക്കുകയാണ്.
യന്ത്രങ്ങള്‍ ഞെരിഞ്ഞമരുന്ന
ഈ രാജ്യത്തിന്റെ യാന്ത്രികതയില്‍
രാവിന്റെ സ്ഫടിക ജാലകങ്ങളില്‍
നിര്‍വികാരനായി..
കണികകളുടെ ശാസത്രമാപിനിയുമായി
വലിയ കണ്ണടകള്‍ വെച്ച്
എല്ലാം അളന്നു തിട്ടപ്പെടുത്തുകയാണവന്‍.
നിറം മങ്ങലുകള്‍ക്കിടയിലും
പതിവ് പുലര്ച്ചയകുവാന്‍
പ്രാര്‍ഥിക്കുകയാണ്..

Thursday, 8 September 2011

ഓര്‍മ്മകളുടെ ഓണവിളികള്‍

ഓര്‍മ്മകളുടെ ഓണവിളികള്‍
ഓളങ്ങളില്‍ ഒഴുകിയെത്തുന്ന ഓര്‍മ്മകളുമായി
ഓണവിളികള്‍ പുറംവാതില്‍ ചാരി പതിയെ
പൂക്കളങ്ങളെ മാടി വിളിച്ചു.

കൂടു വിട്ടിറങ്ങിയ കൌമാരപ്പക്ഷികള്‍
പുള്ളിപ്പാവടയുടുത്ത് ഉപ്പേരി മണമുറങ്ങുന്ന
പുലരിയെ കൊതിയോടെ കാത്തിരിക്കുന്നു.

പായസചോറിന്റെ ചൂടാറും മുന്‍പേ
കൈത്തണ്ടയില്‍ മുട്ടിയുരുമിയ മഷിത്തണ്ട്!
ചില്ലുജാലകങ്ങളുടെ മറവില്‍
കണ്ണ്കളെറിഞ്ഞുടക്കിയ ഊഞ്ഞാല്ചാട്ടം.

അരിപ്പൂ തിരഞ്ഞു നടന്നു തളര്‍ന്ന പകലിനു
പണിക്കത്തി പെണ്ണിന്റെ പയ്യാരം
ഒര്മകളിനിയും ബാക്കി..

കുട്ടിയും കോലും, പിന്നെ പപ്പടം കടിചെടുത്തോടി
തിമര്‍ത്തു വിയര്‍ത്ത വെയിലും,
ഒരു മുറിവും
( അകാലത്തില്‍ വിട പറഞ്ഞ ബാല്യകാല സുഹൃത്ത്‌)

‘എട്ടിട’ അതാണ്‌ കരിവളകള്‍
പൊട്ടി ചിതറിയെക്കാവുന്ന കല്ലുകളി,
ചേച്ചിമാര്‍ ചിതറിയോടുന്ന ചില്ലുകളി,
കിളിത്തട്ടുകളി, പിന്നെ കുറെ
കുസൃതിക്കളികളും..

പട്ടത്തീപ്പൂ ചാര്‍ത്തി കെട്ടിയ
ഈറന്‍ മുടിയില്‍ നിന്നിറ്റു വീണ
കാച്ചെണ്ണയുടെ മണം.

ഇറയത്ത്‌ ചാരി നിന്ന്
ഇമ ചിമ്മാതെ മുഖം നോക്കുന്ന
കളിക്കൂട്ടുകാര്‍.

വൈകാരികത വെറും കാഴ്ചയായി മാറുന്നു.
ഓര്‍മ്മയിലെ ഓണം:
ഒഴുകിയകളുന്ന പ്രണയം പോലെയാകുന്നു,
പഞ്ഞിമരത്തണലില്‍ തളര്‍ന്നുറങ്ങുന്ന
ഇന്നലെകളാണ്.

ഓണം ഹൃദയത്തില്‍ ചേര്‍ത്ത് വെച്ച
ചുവര്‍ ചിത്രങ്ങളാണ് -
ചാന്തു പടര്‍ത്തി
വിളക്കിന്‍ മാഷിപ്പുക പടര്‍ത്തിയ ചിത്രങ്ങള്‍!!

മുരിക്കിന്‍ പൂമാലയും,
തൊടിയിലെ ചെമ്പകവും,
കല്ലുവെട്ടാം കുഴിയും
എല്ലാം ഓര്‍ത്തെടുക്കുവാന്‍
ഓണം ഒരു അനിവാര്യതയാണ്.

Sunday, 19 June 2011

സൗഹൃദത്തിനു മുറിവ്

രാത്രിയുടെ മന്ദഹാസത്തിനു
നഷ്ടപ്പെടലിന്റെ മൂകത.
താളബോധമില്ലാത്ത തമസ്സിനു
തുടര്‍രേഖകളെഴുതുകയാണു
നിശ്വാസത്തിന്റെ രോഗാണുക്കള്‍…
കൂകിപ്പാഞ്ഞുകിതപ്പാറ്റി
നിലയ്ക്കാത്ത പാളങ്ങളില്‍
ജീവിതത്തിന്റെ ഉടലറുത്തവര്‍ നമ്മള്‍.
യെരിഞ്ഞമരുന്ന നഗരത്തിന്റെ യാന്ത്രികതയില്‍
എനിക്കു മുന്‍പേ നടന്നുകയറിയവന്‍…..
ഓരോ ഓര്‍മ്മയും ഒഴുകിയകലുന്ന
ഓളങ്ങളാണെന്നു തിരിച്ചറിഞ്ഞവന്‍
മറവി അനിവാര്യതയുടെ മുഖപടമണിഞ്ഞു
മിഴികളിലെ ഉപ്പുരസം മായ്ച്ചില്ലാതാക്കുന്നു…
യൗവ്വനത്തിന്റെ യുദ്ധക്കളങ്ങളില്‍
ഒരു മുറിവായി,
ഒരു വാക്കായി
നിറഞ്ഞാടിപ്പൊരുതിത്തളര്‍ന്ന
എന്റെ ശിരസ്സിനു കാവലായി
രാവുറക്കമുപേക്ഷിച്ചവന്‍….
നീ നിന്റെ സ്വത്വങ്ങളെ ബലികഴിക്കുമ്പോള്‍
നിദ്രയുടെ സ്വഛന്ദമായ നഗ്നതയില്‍
ശീതീകരിച്ച സ്ഫടികപാത്രങ്ങളിലെ ലഹരിയില്‍
നിറഭേദങ്ങളില്‍ നുറുങ്ങിനനുത്ത;
വേര്‍പെട്ടുപോയ, നിലാവുകളെ
ഓര്‍മ്മിക്കുന്നു ഞാന്‍
ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍
ഇല്ലാതാകുന്നതു,
ഹൃദയത്തിന്റെ മര്‍മ്മരങ്ങളിലലിഞ്ഞു-
പകുതിപാടിപ്പതറിപോയ ഒരു
കാവ്യത്തിന്റെ പുണ്യമാണ്.
ഇന്ന് സൗഹൃദങ്ങള്‍ ഇങ്ങനെയൊക്കെയാണു

Tuesday, 17 May 2011

love so short forgetting so long....neruda

No time has ever come to call me from graveyard
So keep wake, I am going to cry /….
Nothing to do and has been with that sin for so long and it kills my soul
Pain, aching, a slit that cross over my pleasure
I would like to drift in that soft cloud

Sunday, 13 March 2011

ഹരീഷിന്…….(മുരുകന്‍ കാട്ടാക്കടയുടെ കാഴ്ച എന്ന കവിതയിലെ കഥാപാത്രം)

പ്രണയം പറന്നൊഴിഞ്ഞ കല്‍പടവുകളില്‍
യമുനയുടെ കരയില്‍,
യാഗങ്ങള്‍; എരിഞ്ഞമര്‍ന്ന ചിതയുടെ
അവശേഷിപ്പുകളാവുമ്പോള്‍
ഒരു സുഹൃത്തിനെ മാത്രം തിരഞ്ഞു
നടക്കുകയാണവന്‍.
ആരവം നിലച്ച മനസ്സുമായി,
ആര്‍ദ്രതയില്‍ അസ്വസ്ഥതകളുമായി,
പുറകില്‍ പിന്നിട്ട പകല്‍വെളിച്ചത്തെ
പുച്ഛിച്ചുതള്ളി
നടന്നു നീങ്ങുകയാണു
ഹരീഷ്…….
(കാരണം അവന് കാഴ്ചയില്ലായിരുന്നു)
വരണ്ടചുണ്ടുകള്‍ ഛായം തേച്ചു
വിതുമ്പി നില്‍ക്കുന്നു

വിളര്‍ച്ചയില്‍ പൊടിയുന്ന വിയര്‍പുകണങ്ങളെ
പതിയെ ഒപ്പിയെടുത്തു
പാടുകയാണവര്‍…..
വെറുതെ പ്രകടനങ്ങളില്‍ മാത്രം
ഒതുങ്ങിനില്‍ക്കുന്ന ഹൃദയവികാരം
കണ്ണുനീരടരുമ്പോള്‍ ചുറ്റിലും
ചിരിയുടെ മാറ്റോലികളാണ്
അസ്തമയം ഇനി എത്ര ദൂരത്താണ്
അങ്ങനെ ഓരോ
അണുവിനോടും അവന്‍
യുദ്ധം ചെയ്യുകയാണ്
ഒരു ജീവിതം പിടിച്ചുയര്‍ത്താന്‍ ശ്രമിക്കുകയാണു….
കവേ അവന്റെ പാട്ടിനു
സ്വപ്‌നപഴക്കങ്ങളുടെ ക്ലാവുചുവക്കുന്നല്ലോ
ഇടനാഴികയില്‍ പതുങ്ങിയിരിക്കുന്ന
മരണം മുഖമുയര്‍ത്താതെ
മേഘപാളികളിലൂടെ മഴയായി
പെയ്തിറങ്ങി….
ഹാര്‍മോണിയത്തിന്റെ സ്വരങ്ങളിലിഴുകി
കാവിപ്പുതപ്പുമായി,
കറുത്തകണ്ണടവച്ച് അവന്‍….
വിളറിയ മുഖങ്ങളില്‍ നിര്‍വികാരത
മന്ദഹാസങ്ങളില്‍ പിന്നിട്ട ജീവിതത്തിന്റെ
യുക്തിയില്ലായ്മ…
അവന്‍ വിശ്വസിക്കുന്നതു
നിശ്വാസത്തിലെ ദൈന്യതയുടെ
വിശുദ്ധിയെ മാത്രമാണ്
ഒടിഞ്ഞുമടങ്ങിയ ഒരു ശരീരവും
ഒഴുകിയെത്തുന്ന ഓര്‍മ്മയെ
മറക്കുന്ന വിശപ്പും
രോഗവും, ചിന്തകളും
പിന്നെ തനിയെ നടന്നുപോകലിന്റെ
വൈകാരികമായ കിതപ്പും
വടുക്കളില്‍ നഖമുനകളെ താലോലിക്കുന്ന യാചകന്റെ
സാമീപ്യം ഒരു വിഷാദരോഗ
ത്തിന്റെ വ്യാപ്തിയെക്കുറിക്കുന്നു.
വൃണങ്ങള്‍ ഒഴുകിയൊലിച്ച
നിലച്ച രക്തം
ഒരിക്കലും ഓര്‍ത്തുകരയുവാന്‍
പോലും കഴിയാത്ത
ദാരുണമായ അന്ത്യം…..
ഹരീഷ് നിനക്കെന്റെ
ഹൃദയത്തിന്റെ ഉപ്പുരസത്തില്‍ തീര്‍ത്ത
ഒരു കവിത…..